ഗുഡ്ഗാവ്: ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അക്രമികൾ വലിച്ചെറിഞ്ഞത് അമിതവേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാനിൽനിന്നെന്ന് യുവതിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ വാഹനത്തിൽകയറ്റിയ ഉടൻ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി അക്രമികൾ പീഡിപ്പിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന രണ്ടുപേരും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധു പറഞ്ഞു.
സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനായി രാത്രി വൈകി ഫരീദാബാദിൽ വാഹനം കാത്തുനിൽക്കവെയാണ് യുവതിക്ക് വാനിലെത്തിയവർ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. തുടർന്ന് മൂന്ന് മണിക്കൂറോളം യുവതിയുമായി സഞ്ചരിച്ച അക്രമികൾ ഗുഡ്ഗാവ് - ഫരീദാബാദ് റോഡിലെ വിജനമായ സ്ഥലത്ത് കൊടുംതണുപ്പിൽ വലിച്ചെറിയുകയായിരുന്നു.
വാഹനത്തിൽനിന്നുള്ള വീഴ്ചയിൽ തലയിലും മുഖത്തും ആഴത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ രണ്ടുപേരെയും പോലീസ് ഉത്തർപ്രദേശിൽനിന്നും മധ്യപ്രദേശിൽനിന്നും അറസ്റ്റു ചെയ്തു. ഇവർ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. മൂന്നുകുട്ടികളുടെ അമ്മയായ യുവതി ഭർത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം അമ്മയുമായി വഴക്കിട്ടാണ് യുവതി രാത്രിയിൽ വീട്ടിൽനിന്നു പുറത്തേയ്ക്കു പോയത്.